Friday, June 4, 2010

മഴ എത്തും മുന്‍പേ !!!!


പ്രകൃതിയുടെ വരദാനമാണ് മഴ.

പടിഞ്ഞാറന്‍ മാനത്തു കാര്‍ മേഘങ്ങള്‍ ഇരുണ്ടു കൂടുമ്പോള്‍ ഭൂമിക്കു ആകെ ഒരു ദുഖഭാവം. മനുഷ്യ മനസ്സിനും.........

മഴ ...... എന്നും എനിക്ക് ആഹ്ലാദം തന്നിട്ടുള്ള ഒരു ഋതു ആണ് വര്‍ഷകാലം. മഴയുടെ സൌമ്യ, രൌദ്ര, സ്വാന്തന ഭാവങ്ങളെ ഏറെ പരിചയിച്ചിട്ടുള്ള ഒരു കുട്ടനാട്ടുകാരനാണ് ഞാന്‍. മഴയുടെ സംഗീതം ആസ്വദിച്ചുകൊണ്ട്‌ കുട്ടനാടന്‍ പാട വരംപുകളിലൂടെ നടക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.

ആദ്യ മഴയിലുതിരുന്ന മണ്ണിന്റെ ഗന്ധം എന്റെ ഗതകാല സ്മരണകളെ തൊട്ടുണര്‍ത്തുന്നു. വര്‍ണ്ണ കുടയുടെ കീഴില്‍ തുള്ളിച്ചാടി പോയ എന്റെ കുട്ടിക്കാലം! ത്മിര്‍ത്തു പെയ്ത മഴ ഏറെ ആസ്വദിച്ച , സ്വപ്‌നങ്ങള്‍ ഏറെ നെയ്ത കലാലയ ജീവിതക്കാലം! വീണ്ടുമൊരു പേമാരിയില്‍ മുംബയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ പ്രവാസ ജീവിതക്കാലം! അങ്ങനെ എന്റെ ജീവിതത്തിന്റെ ഓരോ സന്ധികളിലും മഴയുടെ ഒരു സഹവാസം ഉണ്ടായിട്ടുണ്ട്.

മഴയുടെ സംഗീതം ആസ്വദിച്ചു കിടന്നുറങ്ങിയ രാത്രികളെ ഞാന്‍ ഓര്‍ക്കുന്നു. മഴ പെയ്യുമ്പോള്‍, എന്റെ കുട്ടനാടന്‍ കിനാവുകളെ മനസ്സിലേറ്റി ഈ മഹാ നഗരത്തിലെ വഴികളിലൂടെ ഞാന്‍ അലഞ്ഞു നടക്കാറുണ്ട്. മഴ അത്രകണ്ട് എന്റെ സിരകളിലേക്ക് പെയ്തു ഇറങ്ങിയിരിക്കുന്നു.

മഴയെ സ്നേഹിച്ചു , മഴ നൂലുകല്‍ക്കിടയില്‍ എങ്ങോ മറഞ്ഞു പോയ ഞങ്ങളുടെ വിക്ടര്‍ ജോര്‍ജ് !!! അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഞാന്‍ എന്റെ ചിന്തകള്‍ക്ക് വിരാമമിടുന്നു.

" രാത്രി മഴയോട് ഞാന്‍ പറയട്ടെ
നിന്റെ ശോകാദ്രമാം സംഗീതം അറിയുന്നു ഞാന്‍
നിന്റെ അലിവും ,അമര്തുന്ന രോക്ഷവും , ഇരുട്ടത്ത്‌ വരവും ,
തനിച്ചുള്ള തേങ്ങി കരച്ചിലും ,
പുലരി എത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ ചിരിയും ,
തിടുക്കവും, നാട്യവും ഞാന്‍ അറിയും......
അറിയുന്നതെന്തു കൊണ്ട് ആണെന്നോ സഖീ ???
ഞാനുമിതുപോലെ......... രാത്രി മഴ പോലെ......."
-സുഗത കുമാരി-


ചന്ദ്രു.....

Friday, May 28, 2010

കേഴുക പ്രിയ നാടേ !!!!


"മാവോ വാദികളുടെ ആക്രമണത്തില്‍ ട്രെയിന്‍ തകര്‍ന്നു എഴുപത്തിയാറു പേര്‍ മരിച്ചു " ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്ത ഇതായിരുന്നു. കുറെ നാളുകളായി ഇതേപോലെയുള്ള അക്രമ വാര്‍ത്തകള്‍ മാത്രമേ പത്രങ്ങളിലും മറ്റു മീടിയകളിലും കാണാനുള്ളൂ. എത്രയോ നിരപരാധികളായ മനുഷ്യ ജീവികളെയാണ് ഈ കാടന്മാര്‍ കൊന്നൊടുക്കുന്നത്. എന്തിനുവേണ്ടിയാണ് ഈ മനുഷ്യക്കുരുതി?
എത്ര നിഷ്ക്രിയമായാണ് നമ്മുടെ സര്‍ക്കാര്‍ ഇതിനോട് പ്രതികരിക്കുന്നത്. ഇത്രയും സംഭവവികാസങ്ങള്‍ ഉണ്ടായിട്ടു പോലും ഈ അക്രമപ്രവര്തനങ്ങള്‍ക്ക് തടയിടാന്‍ യാതൊരു നടപടിയും ഇവര്‍ കൈക്കൊള്ളുന്നില്ല. ഇന്നത്തെ വാര്‍ത്ത‍ തന്നെ നോക്കു, ബോംബ്‌ വച്ച് പാളങ്ങള്‍ തകര്‍ത്തിരുന്നു എന്ന് മമതാ ബാനര്‍ജി പറയുന്മ്പോള്‍ , ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിക്കു അത് ഉള്കൊള്ളനാവുന്നില്ല. ഇനി എന്നാണ് ഇവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്? മാവോവാദികള്‍ ഭാരതത്തിന്റെ ഭരണം കയ്യടക്കിയ ശേഷമോ?
വളരെ ശക്തമായ ഒരു സൈനിക നടപടിയിലൂടെ മാവോ വാദികള്‍ എന്ന ഈ നരാധമാന്മാരെ ഉന്മൂലനാശം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും ഇവിടെ ചോരപ്പുഴകള്‍ ഒഴുകരുത്. അതിനുള്ള ആണത്തം നമ്മുടെ സര്‍ക്കാരിനു ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
ചന്ദ്രു...

Wednesday, April 7, 2010

ഒരു വിഷുവും കുറെ ഓര്‍മകളും


വീണ്ടും ഒരു വിഷുക്കാലം കൂടി വന്നെത്തുന്നു.ഓര്‍മ്മകള്‍ എന്റെ ബാല്യത്തിലേക്ക് ചിറകടിച്ചു പായുന്നു. നാട്ടിലെ വിഷുക്കാലം ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഉല്ലാസ പ്രദം ആയിരുന്നു. വിഷുവിനു തലേന്ന് വൈകുന്നേരം ഞങ്ങള്‍ കൊന്നപൂവ് പറിക്കുവാന്‍ പോകും.അന്ന് ഞങ്ങളുടെ വീട്ടില്‍ കണിക്കൊന്ന ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നാലഞ്ചു മരങ്ങള്‍ ഉണ്ട്. ഇന്ന് കണിക്കൊന്നകള്‍ കാലം തെറ്റി പൂക്കുന്നു. ചൂട് കൂടുന്നതിന്റെ ഒരു ലക്ഷണമാണ് കണിക്കൊന്നകള്‍ നേരത്തെ പൂക്കുന്നത്. ആഗോള താപനത്തിന്റെ അനന്തര ഫലം.
അച്ഛന്‍ പടക്കങ്ങള്‍ വാങ്ങി വെയ്ക്കും.ഞങ്ങള്‍ കുട്ടികള്‍ അതൊക്കെ പൊട്ടിച്ചു രസിക്കും . ഇന്ന് അച്ഛനില്ല പക്ഷെ ഞാനൊരു അച്ഛനായി. ഈ മഹാനഗരത്തില്‍ ഞാനെന്റെ കുട്ടികളെ എങ്ങിനെ സന്തോഷിപ്പിക്കും?
ഞങ്ങളുടെ അമ്മ തലേന്ന് രാത്രിയില്‍ തന്നെ കണിയൊക്കെ ഒരുക്കി വയ്ക്കും .ഉറക്കത്തില്‍ നിന്നും വിളിചെഴുനെല്‍പ്പിച്ചു കണ്ണുകള്‍ പൊത്തി പൂജാമുറിയില്‍ കൊണ്ടുപോയി കണി കാണിക്കും. നിറ ദീപങ്ങളുടെയും, കണി വെള്ളരിയുടെയും ,കൊന്നപ്പൂക്കളുടെയും നിറവില്‍ കണ്ണന്റെ മോഹന രൂപം കണി കണ്ടത് ഇന്നും എന്റെ മനസ്സില്‍ നിറയുന്നു.
ഈ അന്‍പതാം വയസ്സിലും , എന്റെ അമ്മയുടെ കൈവിരലുകളുടെ നനുത്ത സ്പര്‍ശം ഞാനെന്റെ കവിളുകളില്‍ അറിയുന്നു.
വീട്ടില്‍ ഒരു ചാര് കസാലയുണ്ട്.അതില്‍ ഞങ്ങളുടെ അച്ഛന്‍ ഇരിക്കുന്നുണ്ടാവും .ഞങ്ങള്‍ കണി കണ്ടു വന്നാല്‍ അച്ഛന്‍ കൈനീട്ടം തരും. ഇന്ന് ആ ചാരുകസാല ഒഴിഞ്ഞു കിടക്കുന്നത് കാണുമ്പോള്‍............
ഞങ്ങള്‍ക്കും കൃഷിയും അടിയാന്മാരും ഒക്കെ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. വിഷുവിന്റെ അന്ന് രാവിലെ ഞങ്ങളുടെ മാധവന്‍ പുലയനും കുടുംബവും എന്തെങ്കിലും കാഴ്ച്ച്ഴ്യും കൊണ്ട് വരും. അച്ഛന്‍ അവര്‍ക്ക് പുതു വസ്ത്രങ്ങളും, കൈനീട്ടവും കൊടുക്കും. വീട്ടില്‍ നിന്നും സദ്യയും ഉണ്ടിട്ടെ അവര്‍ മടങ്ങൂ.
അന്ന് കൃഷിക്കാരനും, അടിയാനും തമ്മില്‍ ഒരു ആത്മ ബന്ധമുണ്ടായിരുന്നു. അവര്‍ പരസ്പരം സുഖ ദുഖങ്ങള്‍ പങ്കുവച്ചിരുന്നു.തകഴി ശിവശങ്കര പിള്ള അദ്ധേഹത്തിന്റെ ആത്മകഥയില്‍ ഈ ബന്ധത്തെ കുറിച്ച് ഹൃദയസ്പ്രുക്കായി വിവരിക്കുന്നുണ്ട്.
ഇന്ന് ഞങ്ങളുടെ അച്ഛനും , മാധവന്‍ പുലയനും ജീവിച്ചിരിക്കുന്നില്ല . മുന്‍ പറഞ്ഞ ബന്ധങ്ങളുടെയൊക്കെ വേര് അറ്റുപോയി . ഇന്നത്തെ തലമുറ ഈ ബന്ധങ്ങല്‍ക്കൊന്നിനും യാതൊരു വിലയും കല്പ്പിക്കുന്നുമില്ല.
വിഷുവിന്റെ അന്ന് കാര്‍ഷിക ഉപകരണങ്ങളെയും , ഭൂമി ദേവി യെയും പൂജിക്കുന്ന ഒരു ചടങ്ങ് പണ്ട് ഞങ്ങളുടെ നാടിലുണ്ടായിരുന്നു. ഇന്ന് അതൊന്നും കാണാനില്ല.
ഇന്ന് ഈ മഹാ നഗരത്തിലെ എന്റെ കിളിക്കൂട്ടില്‍ , ഞാനും എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി കണി ഒരുക്കുന്നുണ്ട്‌. എന്റെ ഭാര്യ അവരുടെ കണ്ണുകള്‍ പൊത്തി കണി കാണിക്കുവാന്‍ കൊണ്ട് പോകുമ്പോള്‍ എന്റെ മനസ്സിലും ഒരു വിഷു പക്ഷി തേങ്ങുന്നു........
"വിത്തും കൈക്കോട്ടും "

ചന്ദ്രു...

Monday, April 5, 2010

സ്മരണാഞ്ജലി


മരണം രംഗബോധമില്ലാത്ത ഒരു കോമാളി ആണ് . അപ്രതീക്ഷിതമായി കടന്നുവന്നു നമ്മുടെ പ്രിയപ്പെട്ടവരേ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ നമ്മള്‍ തകര്‍ന്നു പോകുന്നു. ഈ അടുത്ത ദിവസം എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ എനിക്ക് നഷ്ടപ്പെട്ടു. പ്രത്യേകിച്ച് യാതൊരു അസുഖവുമില്ലയിരുന്നു മുരളിക്ക്. എന്നത്തേയും പോലെ ഓഫീസില്‍ പോയതാണ്. വഴിയിലെവിടെയോ വച്ച് അസ്വസ്ഥത തോന്നി. ഓഫീസില്‍ എത്തിയതും കുഴഞ്ഞു വീണു . ഹോസ്പിറ്റലില്‍ എത്തിക്കുംപോഴെക്കും എല്ലാം കഴിഞ്ഞിരുന്നു.

ഞങ്ങളുടെ പതിനാറു വര്‍ഷത്തെ സുഹൃദ് ബന്ധത്തിന് നിയതി അങ്ങനെ തിരശീലയിട്ടു. എന്റെ പ്രിയ സുഹൃത്തിന്റെ ചലനമറ്റ ശരീരത്തിന് മുന്‍പില്‍ നില്‍കുമ്പോള്‍ അറിയാതെ തേങ്ങി പോയി . എന്തിനിങ്ങനെ....

അച്ഛന് എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചു നില്‍ക്കുന്ന മൂന്നു കുഞ്ഞു മുഖങ്ങള്‍ ഞാന്‍ അവിടെ കണ്ടു. അവിടെ ഏറെ നേരം നില്‍ക്കാനാവാതെ ഞാന്‍ തിരിച്ചു പോന്നു.
എന്റെ പ്രിയ സുഹൃത്തിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ നിറ കണ്ണുകളോടെ....

Monday, March 22, 2010

മാതൃ ദേവോ ഭവ:


" ഭൂമിയിലെ ഏറ്റവും സുരഭിലമായ പുഷ്പങ്ങലെക്കാള്‍ സൌരഭ്യമുള്ളതും, വെണ്ണ, പാല്‍ക്കട്ടി , ഇവയെക്കാളും മൃദുലമായതും, മയിലിന്റെ മിഴികലെക്കാള്‍ മനോഹരമായതും, പൂനിലാവിനെക്കാള്‍ ആനന്ദം ഉളവാക്കുന്നതുമായ ഒരു വസ്തുവേ ഈ ലോകത്തുള്ളൂ. അതാണ്‌ അമ്മയുടെ സ്നേഹം." ആന്ധ്രാ പ്രദേശിലെ ഒരു കവിയുടെ വാക്കുകളാണിത്.

വേദങ്ങള്‍ പറയുന്നു, മാതൃ ദേവോ ഭവ: , പിതൃ ദേവോ ഭവ:, എന്നൊക്കെ. നമ്മുടെ മാതാപിതാക്കളെ ഈശ്വര തുല്യം സ്നേഹിക്കണം എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്

അമ്മയുടെ സ്നേഹത്തില്‍ കവിഞ്ഞു മറ്റൊന്നും ഈ ലോകത്തിലില്ല .അവരുടെ വാക്കുകള്‍ എല്ലായിപ്പോഴും മധുരതരമായിരിക്കും . വല്ലപ്പോഴും ഒരു ഭാവ മാറ്റം വന്നാല്‍ തന്നെ , അത് നമ്മളെ വേദനിപ്പിക്കുവാനല്ല മറിച്ചു തെറ്റില്‍ നിന്നും ശരിയിലേക്ക്‌ നയിക്കുവാനായിരുന്നു എന്ന് നാം പിന്നീട് തിരിച്ചറിയുന്നു.

നമ്മുടെ ഭാരതത്തിന്റെ സംസ്കാരം , മാതാവിന് ഏറ്റവും പ്രാധാന്യം നല്‍കി ആദരിക്കുന്നു. നമ്മള്‍ നമ്മുടെ രാജ്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മാതൃ രാജ്യം എന്നാണു വിശേഷിപ്പിക്കാറു. ഒരിക്കലും പിതൃ രാജ്യമെന്ന് കേട്ടിട്ടില്ല. " ജനനി ജന്മ ഭൂമിസ്ച്ച , സ്വര്ഗാതപീ ഗരീയസി (അമ്മയും മാതൃ രാജ്യവും സ്വര്‍ഗത്തേക്കാള്‍ മഹത്തരം ) "എന്ന് ഭഗവാന്‍ ശ്രീ രാമച്ചന്ദ്രനെക്കൊണ്ട് പറയിച്ച വികാരം മാതൃസ്നേഹം അല്ലാതെ മറ്റെന്താണ്? രാജ്യം നമ്മുടെ മാതാവും ,സംസ്കാരം നമ്മുടെ പിതാവുമാണ്. അതുകൊണ്ട് ഒരിക്കലും നാം നമ്മുടെ രാജ്യത്തെയും, നമ്മുടെ സംസ്കാരത്തെയും മറക്കുവാന്‍ പാടുള്ളതല്ല.

ഇന്ന് ലോകത്തെമ്പാടും ആയിരക്കണക്കിന് ആളുകള്‍ പൂക്കളും, ആശംസാ കാര്‍ഡുകളും ഒക്കെ അയച്ചു മാതൃദിനം കൊണ്ടാടുന്നു. വ്യക്തിപരമായി ഈ പ്രവണതയെ അംഗീകരിക്കാന്‍ എനിക്കാവില്ല. പാശ്ചാത്യരുടെ ഒരു വിപണന തന്ത്രം മാത്രമാണിത്.ഭാരതീയര്‍ക്കു എല്ലാ ദിവസവും മാതൃദിനം ആണെന്നാണ് എന്റെ അഭിപ്രായം.എന്റെ മജ്ജയും മാംസവും ഒക്കെയായ, എന്റെ നിലനില്‍പ്പിനു തന്നെ കാരണക്കാരിയായ മാതാവിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല.ഈശ്വരന്റെ ആദ്യ സൃഷ്ടി മാതാവെന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇവിടെ ഓര്‍ക്കുക.

ഭാരതത്തിലെ സാമൂഹ്യ വ്യവസ്ഥിതിയില്‍ അച്ഛനെക്കാള്‍ പ്രാധാന്യം അമ്മയ്ക്കാണ്. കുട്ടികള്‍ക്ക് അമ്മമാരോടാണ് കൂടുതല്‍ ആഭിമുഖ്യം. പുക്കിള്‍കൊടി ബന്ധം എന്നൊക്കെ പറയുന്നത് വെറുതെയല്ല. എല്ലാറ്റിന്റെയും തുടക്കം അമ്മയില്‍ നിന്നാണ്. ഒരു കുഞ്ഞു ജനിച്ചു അവന്‍ സംസാരിക്കുവാന്‍ തുടങ്ങുമ്പോള്‍ ആദ്യം ഉച്ചരിക്കുന്നത് അമ്മയെന്ന വാക്കുകളാണ്. മുലപ്പാലിലൂടെ അമ്മയുടെ സ്നേഹമാണ് അവന്‍ നുകരുന്നത്.

നമ്മുടെ മാതാപിതാക്കള്‍ നമ്മളെ ജീവന് തുല്യം സ്നേഹിച്ചും പരിപാല്ച്ചും വലിയവരാക്കുന്നു. തിരിച്ചു നമ്മള്‍ അവര്കെന്താണ് കൊടുക്കുന്നത്? അവര്‍ക്ക് ഏറ്റവും പരിചരണം ആവശ്യമായ വാര്ധക്യാവസ്ഥയില്‍ അവരെ വല്ല വൃദ്ധ സടനങ്ങളിലും കൊണ്ടുചെന്നാക്കുന്നു . വാര്‍ധക്യ കാലത്തെ , രണ്ടാം ബാല്യം എന്നാണു വിശേഷിപ്പിക്കാറു. കുഞ്ഞുങ്ങള്‍ ആയിരുന്നപ്പോള്‍ നമുക്ക് കിട്ടിയ സ്നേഹവും പരിചരണവും ഇരട്ടി അളവില്‍ തരിച്ചു കൊടുക്കേണ്ട സമയം ആണത്. ശങ്കരാചാര്യ സ്വാമികള്‍ക്ക് സ്വന്തം മാതാവില്‍ നിന്നും വളരെ കാലം വിട്ടു നില്‍കേണ്ടി വന്നു. ഒടുവില്‍ മരണസന്നയായ മാതാവിന്റെ അരുകില്‍ അദ്ദേഹം എത്തിച്ചേരുന്നു. കഴിഞ്ഞ കാലങ്ങളൊക്കെ അദ്ധേഹത്തിന്റെ മനസ്സില്‍ കൂടി കടന്നു പോകുന്നു. അവിടെ നിന്നുകൊണ്ട് ഹൃദയ വ്യഥയോടെ അദ്ദേഹം ഉരുവിട്ട ശ്ലോകങ്ങളാണ് പിന്നീട് " മാതൃ പഞ്ചകം " എന്നപേരില്‍ പ്രസിദ്ധമായത്. അതിലെ ആദ്യ ശ്ലോകം ഇങ്ങനെ തുടങ്ങുന്നു.
"ആസ്താം താവദീയം പ്രസൂധി സമയേ ദുര്‍വാര ശൂല വ്യധാ
നൈരുച്യം തനുശോഷണം മലമയീ
ശൈയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭ ഭാര ഭരണ ക്ലെശ്ശസ്യ യസ്യഷമോ
ധാതും നിഷ്കൃതി മുന്നമോപി തനയ തസ്യ ജനന്യേ നമ:"
നൊന്തു പ്രസവിച്ചു, വളര്‍ത്തി വലുതാക്കിയ സ്വന്തം മാതാവിന് വേണ്ടി അവസാന നാളുകളില്‍ ഒന്നും ചെയ്യുവാന്‍ കഴിയാഞ്ഞതില്‍ അദ്ദേഹം പരിതപിക്കുന്നു.
ഇന്നും ഞാന്‍ നാട്ടില്‍ അവധിക്കു ചെല്ലുന്നതും കാത്തിരിക്കുന്ന എന്റെ അമ്മയെ ഞാന്‍ ഓര്‍ക്കുന്നു. ആ മടിയില്‍ ഒരു നിമിഷം തല ചായ്ച്ചു കിടന്നാല്‍ ഇതുവരെ അനുഭവിച്ച വിഷമങ്ങളൊക്കെ എങ്ങോ പോയ് ഒളിക്കും. ആ നിമിഷങ്ങളില്‍ ഈ അമ്പതു വയസ്സുകാരന്‍ ഒരു കൈകുഞ്ഞായ് മാറും. ആ അനുഭൂതികല്‍ക്കായ്‌ എല്ലാ വര്‍ഷവും ഞാന്‍ കാത്തിരിക്കുന്നു.
" യാ ദേവി സര്‍വ ഭൂതേഷു മാതൃ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ , നമസ്തസ്യൈ , നമസ്തസ്യൈ നമോ നമ: "
(സര്‍വ ഭൂതങ്ങളിലും മാത്രുസ്വരൂപിനിയായി പരിലസിക്കുന്ന അമ്മെ, അവിടുത്തേക്ക്‌ നമസ്കാരം ).
ദേവി മാഹത്മ്യത്തിലെ ഈ വരികള്‍ ഞാന്‍ എന്റെ അമ്മക്കായി സമര്‍പ്പിക്കുന്നു........

ചന്ദ്രു.....

Thursday, March 11, 2010

എവിടെ ആ വാഗ്ദത്ത ഭൂമി?


നമ്മുടെ ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയിട്ട് ഇപ്പോള്‍ അറുപത്തിമൂന്ന് വര്‍ഷങ്ങളായി.ഈ സ്വാതന്ത്ര്യ ലബ്ധിയില്‍ നമ്മള്‍ സന്തുഷ്ടരാണോ? ഇതായിരുന്നോ നമ്മള്‍ വിഭാവന ചെയ്തിരുന്ന സ്വതന്ത്ര ഭാരതം ? ഇതിനു വേണ്ടിയായിരുന്നോ നമ്മുടെ നമ്മുടെ ദേശാഭിമാനികള്‍ അവരുടെ ജീവന്‍ ബലികഴിച്ചത്?

ബ്രിടീശുകാരുടെ കാടത്ത ഭരണത്തില്‍ നിന്നും രക്ഷപെട്ടെങ്കിലും വേറെ ചിലരുടെ കരാള ഹസ്തങ്ങളില്‍ ചെന്ന് പെടുകയായിരുന്നില്ലേ നാമൊക്കെ?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്നുള്ള ബഹുമതി നാം നേടി. പക്ഷെ ആ പേരിനു നാം അര്‍ഹര്‍ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയിലെ ഏതു കാര്യമാണ് ഇവിടെ നടന്നു കാണുന്നത്?

ഇവിടെ നല്ലൊരു നീതിന്യായ വ്യവസ്ഥിതി നടക്കുന്നുണ്ടോ? സാധാരണക്കാരന് എപ്പോഴും നീതി നിഷേധിക്കപ്പെടുന്നു. ഏകീകൃത നീതിന്യായ വ്യവസ്ഥിതിക്കു വേണ്ടി മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് കാലം എത്രയായി? അത് ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു.

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടാന്‍ പാടില്ല എന്നതാണല്ലോ നമ്മുടെ നീതി മന്ത്രം . ഇവിടെ സംഭവിക്കുന്നതെന്താണ്? നിരപരാധികള്‍ മാത്രം ശിഷിക്കപ്പെടുന്നു. കുറ്റവാളികള്‍ രാഷ്ട്രീയ സ്വാധീനത്താല്‍ നിരുപാധികം രക്ഷപെടുന്നു.

കുറ്റകൃത്യങ്ങള്‍ക്ക് മതിയായ ശിക്ഷ ഇവിടെ നടപ്പാക്കുന്നില്ല. എല്ലാ തെളിവുകളും ഉണ്ടായിരുന്നിട്ടുംനിരവധി മനുഷ്യ ജീവികളെ നമ്മുടെ മുന്നില്‍വച്ചു കൊന്നൊടുക്കിയ കസബിനു സര്‍വവിധ സംരക്ഷണവും കൊടുത്തു ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നു. എത്ര കോടി രൂപ നമ്മുടെ ഭരണകൂടം അയാള്‍ക്കുവേണ്ടി ചിലവാക്കുന്നു. ഇത് സംഭവിച്ചത് മറ്റേതെങ്കിലും രാഷ്ട്രങ്ങളില്‍ ആയിരുന്നെങ്കില്‍ കുറ്റവാളി ഇതിനകം യമലോകം പുകുമായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് നമ്മുടെ ഈ മഹത്തായ രാജ്യത്താണ്. തക്കതായ ശിക്ഷണ നടപടികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.

വ്യാവസായിക രംഗം ആണെങ്കില്‍ ആകെ തകര്‍ന്നടിഞ്ഞു. ലാഭത്തില്‍ നടക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങള്‍ പോലും ,രാഷ്ട്രീയ സാമ്പത്തിക ലാഭങ്ങള്‍ക്ക് വേണ്ടി സ്വകാര്യവല്‍ക്കരിക്കുന്നു.പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക്‌ മുതല്‍ മുടക്കാന്‍ തയ്യാറുള്ളവരെ അക്ഷരാര്‍ത്ഥത്തില്‍ കുത്തുപാള എടുപ്പിക്കുന്നു.

കാര്‍ഷിക മേഖലയിലെ കാര്യങ്ങള്‍ പറയാതിരിക്കുകയാവും ഭേദം .നമ്മുടെ നാട്ടില്‍ സുലഭമായി ഉത്പാദിക്കപ്പെടുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ പോലും ഇറക്കുമതി ചെയ്തു അവയുടെ വിലയിടിക്കുന്നു.അതുവഴി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നു.

സാംസ്കാരിക നായകന്മാര്‍ പോലും രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി പരസ്പരം ചെളി വാരി പൂശുന്ന കാഴ്ചകളാണ് നാം അടുത്ത നാളുകളില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ബന്ദും, ഹര്‍ത്താലും, വിലവര്ധനവും ഒക്കെയായി ജന ജീവിതം ആകെ താറുമാറായി.ഈ ദുസ്ഥിതി മാറണമെങ്കില്‍ സമൂലമായ ഒരു അഴിച്ചു പണി ആവശ്യമാണ്‌.

ഈ രാജ്യത്തെ ഒരു പൌരനെന്ന നിലയില്‍, എന്റെ മനസ്സില്‍ തോന്നുന്ന ചില ആശയങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മ്മര്‍ക്കുല്ലതുപോലെ തന്നെ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും ഒരു വിരമിക്കല്‍ പ്രായം ആവശ്യമാണ്‌. അന്പതിയെട്ടു വയസ്സാകുമ്പോള്‍ അവര്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കണം. നമ്മുടെ ഭാരതത്തിന്റെ ഭാവി കര്മോല്സുകരായ ചെറുപ്പക്കാരുടെ കൈകളില്‍ സുരക്ഷിതമായിരിക്കും എന്നാണ് എന്റെ എളിയ വിശ്വാസം . രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് ഒരു വിദ്യാഭാസ യോഗ്യതയുണ്ടായിരിക്കണം .രാഷ്ട്രീയ കൂറ് മാറ്റങ്ങള്‍ കര്‍ശനമായും നിരോധിക്കണം. ബന്ദ്‌, ഹര്‍ത്താല്‍ തുടങ്ങിയ ജനദ്രോഹകരങ്ങളായ പരിപാടികള്‍ നിയമം മൂലം നിര്‍ത്തലാക്കണം. കോളേജ് കാമ്പസുകളില്‍ നിന്നും രാഷ്ടീയം പാടെ തുടച്ചു നീക്കണം .

നമ്മുടെ പോലീസു വകുപ്പിന് സ്വതന്ത്രമായും, രാഷ്ട്രീയ വിമുക്തമായും പ്രവൃതിക്കുവാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണം. ഇതിക്കെ നടക്കണമെങ്കില്‍ നമ്മുടെ ഭരണഘടനാ തന്നെ മാറ്റിയെഴുതേണ്ടി വന്നേക്കാം . അല്ലെങ്കിലും നമ്മുടെ ഭരണഘടനയില്‍ നമ്മുടെതായിട്ടു എന്താണ് ഉള്ളത്? ബ്രിടീഷുകാരന്‍ ചെയ്തുവച്ചത് നമ്മള്‍ പിന്തുടരുന്നു എന്നെ ഉള്ളു.


ഇതൊക്കെ എഴുതിയത് , ഇവിടെ നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടും, അനുഭവിച്ചും ഉണ്ടായ ധാര്‍മിക രോക്ഷം കൊണ്ടാണ്. എന്റെ ഈ സ്വപ്നം എല്ലാ ഭാരതീയന്റെയും സ്വപ്നമാണ്.ഇത് എന്ന് യാധ്ര്ത്യമാകുമെന്നു എനിക്കറിയില്ല. അതിനുവേണ്ടി ഒരു വേഴാമ്പലിനെപ്പോലെ ഞാന്‍ കാത്തിരിക്കുന്നു....


ചന്ദ്രു

Monday, March 8, 2010

നമ്മുടെ കുട്ടികള്‍ എങ്ങോട്ട്?


നമ്മുടെ കുട്ടികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയാണ് ഈ കുറിപ്പിന് ആധാരം.നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഇന്ന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അവര്‍ വളരെയേറെ മാനസിക പിരിമുരുക്കത്തിലാണ് ജീവിക്കുന്നത്.സ്വന്തം മാതാപിതാക്കളോട് പോലും ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു. എന്തായിരിക്കാം ഇതിനു കാരണം ?

കുട്ടികളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്ന കാലമാണ് പതിന്നാലു മുതല്‍ പതിനെട്ടു വരെയുള്ള
അവരുടെ പ്രായം. ഈ പ്രായത്തില്‍ അവര്‍ അവരുടേതായ ഒരു ലോകം സൃഷ്ടിചെടുക്കുന്നു. ശാരീരിക മാറ്റങ്ങള്‍ ഉടലെടുക്കുന്നതോടെ തങ്ങള്‍ ‍ വലിയ ഒരാളായി എന്ന തോന്നല്‍ അവരില്‍ ഉടലെടുക്കുന്നു. എന്തും ചോദ്യം ചെയ്യുവാനുള്ള ഒരു അഭിവാഞ്ജ അവനില്‍ അല്ലെങ്കില്‍ അവളില്‍ ഉടലെടുക്കുന്നു .മാതാ പിതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം അവിടം മുതല്‍ ആരംഭിക്കുന്നു .നമ്മുടെ ഉപദേശങ്ങള്‍ അവര്‍ തെറ്റായ രീതിയില്‍ വിലയിരുത്തുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ വരെ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു എന്നതാണ് ഏറ്റവും ഭീകരമായ അവസ്ഥ. നമ്മുടെ കുട്ടികള്‍ ഇത്രയും ലോല മനസ്കരാവാന്‍ എന്താണ് കാരണം? ഇതില്‍ നമ്മള്‍ അച്ഛനമ്മമാരുടെ പങ്ക് എന്താണ്?

പതിന്നാലു വയസിനു ശേഷം സ്വന്തം മക്കളെ സുഹൃത്തിനെ പോലെ കാണണം എന്നാണ് നീതിസാരം അനുശാസിക്കുന്നത്. ഞാനുള്‍പടെ നമ്മളില്‍ എത്ര പേര്‍ അങ്ങനെ പെരുമാറുന്നുണ്ട് ?നമ്മള്‍ നമ്മുടെ അധികാരങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നു. പല കാര്യങ്ങളും അവരെക്കൊണ്ടു നിര്‍ബന്ധിച്ചു ചെയ്യിക്കുന്നു.അവരുടെ സന്തോഷങ്ങളിലും സന്താപങ്ങളിലും പങ്കുചേരാന്‍ പോലും മടി കാണിക്കുന്നവരാണ് നാമൊക്കെ.

സ്വന്തം ഭവനങ്ങളില്‍ സ്വസ്ഥത കിട്ടാത്ത ഇവര്‍ പുറത്തു പല ദുഷിച്ച കൂട്ടുകെട്ടിലും ചെന്നുപെടുന്നു. ഒരിക്കല്‍ ചെന്നുപെട്ടാല്‍ തിരിച്ചുവരുവാന്‍ പറ്റാത്ത അവസ്ഥ .അതുവഴി അവര്‍ സമൂഹത്തിനു തന്നെ ഭീഷണിയാവുന്നു.ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഉണ്ടാക്കുന്ന വിപത്തുകള്‍ വേറെ.എത്ര എത്ര പെണ്‍കുട്ടികളുടെ ജീവിതങ്ങളാണ് ഇവയുടെ ദുരുപയോഗം മൂലം ഹോമിക്കപ്പെട്ടത്.

പണ്ടൊക്കെ കൂട്ട് കുടുംബങ്ങളായിരുന്നു. അവിടെ സമപ്രായക്കാരായ കുട്ടികള്‍ വേറെയും ഉണ്ടായിരുന്നു.അതുകൊണ്ട് ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ ഉണ്ടായിരുന്നില്ല. മാത്രമല്ല,മുതിര്നവരുടെ ശ്രദ്ധ കുട്ടികളുടെമേല്‍ എപ്പോഴും ഉണ്ടായിരുന്നു. ഇന്നത്തെ അനുകുടുംബങ്ങളില്‍ ഇതിനൊക്കെ എവിടെയാണ് സമയം. തികച്ചും യാന്ത്രികതയാണ് അവിടെ. കുട്ടികള്‍ ഒറ്റപ്പെടുന്നതില്‍ അത്ഭുതപെട്ടിട്ടു കാര്യമില്ല.

നാട്ടില്‍ കുട്ടികളെ മത പാടശാലകളില്‍ അയക്കുമായിരുന്നു. അവിടെ നിന്നും പകര്‍ന്നു കിട്ടുന്ന അറിവുകളും ശീലങ്ങലുമൊക്കെ അവരുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ നല്ലൊരു പങ്കു വഹിച്ചിരുന്നു. ഇന്ന് സന്ധ്യാവേളയില്‍ നാമം ജപിക്കുന്ന ഒരു കുട്ടിയെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല. നമ്മുടെ പഴയ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങല്‍ക്കുമൊക്കെ, കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വലിയൊരു പങ്കു വഹിക്കാന്‍ കഴിയും . പഴയ ശീലങ്ങളൊക്കെ നമുക്ക് വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു.
നമുക്ക് നമ്മുടെ മക്കളെ അറിയാന്‍ ശ്രമിക്കാം ! അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാം! അവരെ നെഞ്ചോടു ചേര്‍ക്കാം !

Saturday, March 6, 2010

ഇന്നത്തെ ചിന്താ വിഷയം

ഈശ്വരനുണ്ടോ ഇല്ലയോ എന്നത് സുഹൃദ് സംഭാഷന്ങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്ക വിഷയമാവാരുണ്ട് .എന്താണ് സത്യം? ഈശ്വരനുണ്ടെങ്കില്‍ എവിടെയാണ് അദ്ദേഹം സ്ഥിതിചെയ്യുന്നത് ? എങ്ങിനെയാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുക ?
ഏതോ ഒരു അദൃശ്യ ശക്തി നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു എന്ന കാര്യം നിസ്തര്‍ക്കമാണ്. ചില അപകടങ്ങളില്‍ നിന്നുമൊക്കെയുള്ള അത്ഭുതാവഹമായ രക്ഷപെടലുകള്‍ തുടങ്ങി ആ അദൃശ്യ സാന്നിദ്ധ്യം നമുക്ക് അനുഭവവേയ്ധ്യമാക്കി തരുന്ന ഒട്ടേറെ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.
ഏതെങ്കിലും ദേവാലയ അന്തരീക്ഷത്തില്‍ എത്തിപ്പെട്ടാല്‍ നമുക്ക് അനുഭവപ്പെടുന്ന ആത്മനിര്‍വൃതി മാത്രം മതി ആ
അദൃശ്യ കരങ്ങളുടെ തലോടല്‍ അടുത്തറിയുവാന്‍.
ഒരുപക്ഷെ നാരായണ ഗുരു സ്വാമികള്‍ അരുളിച്ചെയ്തതുപോലെ നമ്മള്‍ നമ്മോടു തന്നെയായിരിക്കും സംവദിക്കുന്നത് .ഞങ്ങള്‍ക്ക് നല്ലത് വരുത്തണേ, അല്ലെങ്കില്‍ കഷ്ടപ്പാടുകളൊക്കെ തീര്‍ത്തു തരണേ എന്നൊക്കെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു പക്ഷെ നമ്മുടെതന്നെ മനസ്സിനെ ഉണര്തുകയായിരിക്കും നമ്മള്‍ ചെയ്യുന്നത്.
നമ്മിലെ ദൈവികത്വം എങ്ങിനെ നമ്മുടെ സഹജീവികള്‍ക്ക് പ്രയോജനപ്പെടുത്താം എന്നതാവട്ടെ ഇന്നത്തെ ചിന്താവിഷയം .ഒന്ന് മനസ്സുവച്ചുകഴിഞ്ഞാല്‍ പാതയോരത്ത് മൃത പ്രായനായ് കിടക്കുന്ന ഒരു വ്യക്തിയെ നമുക്ക് ആതുരാലയത്തില്‍ എത്തിക്കാം. ചികിത്സക്കും വിദ്യാഭ്യാസത്തിനുമൊക്കെ വിഷമിക്കുന്ന സഹജീവികളെ സൌഹൃദ കൂട്ടായ്മകളിലൂടെ പണം സമാഹരിച്ചു സഹായിക്കാം .അതുപോലെ മറ്റു പല നല്ല കാര്യങ്ങളും ചെയ്യാം .ഇവിടെ നാം വീണ്ടും ഈശ്വര സാന്നിദ്ധ്യം അറിയുന്നു.
മാനവ സേവ തന്നെയാണ് മാധവസേവയെന്നു നാം അറിയുന്നു !!!!!
ചന്ദ്രു.

Friday, March 5, 2010

ആമുഖം


ഞാനൊരു സാഹിത്യകാരനൊന്നുമല്ല. സാഹിത്യ ഭാഷ എനിക്കൊട്ടു വഴങ്ങുകയുമില്ല. എങ്കിലും, ചില യാത്രകളില്‍ കണ്ടുമുട്ടിയ ചില വ്യക്തികള്‍, ചില സംഭവങ്ങള്‍ , സുഹൃദ് ഭാഷനങ്ങല്‍ക്കിടയില്‍ വീണുകിട്ടിയ ചില നുറുങ്ങുകള്‍ , വായിച്ച പുസ്തകങ്ങളില്‍ നിന്നും കിട്ടിയ അമൃത ശകലങ്ങള്‍ , ഇവയൊക്കെ എന്റെ ചിന്തകളെ ഉദ്ദീപിപ്പിക്കാരുണ്ട് .

അവയൊക്കെ സമാന ചിന്താഗതിക്കാരുമായി പങ്കുവക്കുവാനുള്ള ത്വരയാണ്‌ ഈ ബ്ലോഗിന് ആധാരം .കുറ്റങ്ങളും, കുരവുകലുമൊക്കെ ഉണ്ടാകാം .അവയൊക്കെ ഷമിക്കുക. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുക .
നന്ദിപൂര്‍വ്വം..........
ചന്ദ്രു.

Thursday, March 4, 2010

ഞാന്‍


കോട്ടയം ജില്ലയില്‍ ചങ്ങനാശേരി താലൂക്കില്‍ വാഴപ്പള്ളി എന്ന പ്രകൃതി രമണീയമായ ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാതെ ബാല്യവും കൌമാര്യവും ഒക്കെ കടന്നുപോയി . അഷ്ടിക്കു വകതേടി ഈ മഹാനഗരത്തിന്റെ ഹൃദയത്തില്‍ ചേക്കേറി . ഈ നഗരം എന്നെ അതിന്റെ ചിറകിന്‍കീഴില്‍
സംരഷിച്ചു . ഇവിടുത്തെ ജീവിതം എന്നെ പലതും പഠിപ്പിച്ചു.
ഇപ്പോള്‍ ഈ ജീവിത സായാന്നത്തില്‍ ഈ നഗരത്തിന്റെ ഒഴുക്കില്‍ അലിഞ്ഞുചേര്‍ന്ന് എന്ടെ ഗ്രാമത്തിന്റെ തേനൂറുന്ന ഓര്‍മകളുമായി ഇങ്ങനെ കഴിയുന്നു ....................